വാന്‍കൂവര്‍: 2026 ഫിഫ ലോകകപ്പ് ഫുട്ബോളില്‍ രണ്ട് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ.
കഴിഞ്ഞ മാസങ്ങളില്‍ ലോക ഫുട്ബോളിനെ പ്രതിസന്ധിയിലാക്കിയ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റങ്ങള്‍ക്ക് ഫിഫ നിര്‍ബന്ധിതമായത്. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഫിഫയുടെ കീഴിലുള്ള എല്ലാ അസോസിയേഷനുകള്‍ക്കും ഈ നിയമങ്ങള്‍ നടപ്പിലാക്കാമെന്നും ഇന്‍ഫാന്റിനൊ വ്യക്തമാക്കി. 2026 ലോകകപ്പിലേക്ക് ഇനി 42 ദിനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
◄പുതിയ നിയമം: ഒന്ന്►
ജഴ്സി ഉപയോഗിച്ച് മുഖം മറച്ചശേഷം എതിര് ടീം അംഗത്തിന് എതിരേ അസഭ്യം, വംശീയാധിക്ഷേപം തുടങ്ങിയവ ചെയ്യുന്ന കളിക്കാര്‍ക്ക് ചുവപ്പുകാര്‍ഡ് നല്‍കുക എന്നതാണ് പുതിയ നിയമം. ഫെബ്രുവരിയില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡും പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫികയും തമ്മില്‍ അരങ്ങേറിയ യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനിടെ, റയലിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂണിയറിനെതിരേ ബെന്‍ഫികയുടെ അര്‍ജന്റൈന്‍ താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി ജഴ്സികൊണ്ട് മുഖംമറച്ച് വംശീയാധിക്ഷേപം നടത്തിയിരുന്നു.
◄പുതിയ നിയമം: രണ്ട്►
മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മൈതാനം വിടുന്ന കളിക്കാര്‍ക്കും ടീം ഓഫീഷല്സിനും ചുവപ്പ്കാര്‍ഡ് നല്‍കും എന്നതാണ് രണ്ടാമത്തെ നിയമം. ഈ ജനുവരിയില്‍ നടന്ന 2025 ആഫ്രിക്ക കപ്പ് ഫൈനലില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെനഗല്‍ ടീം മൈതാനം വിട്ടിരുന്നു. പിന്നീട് തിരിച്ചെത്തിയ സെനഗല്‍, എക്സ്ട്രാ ടൈം ഗോളില്‍ മൊറോക്കോയെ കീഴടക്കി. എന്നാല്‍, സെനഗല്‍ ടീമിന്റെ നടപടയില്‍ ആഫ്രിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന് (സിഎഎഫ്) ഇടപെടുകയും ഫൈനലില്‍ 3-0ന് മൊറോക്കൊ ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.